ഓര്‍മ്മകളിലെവിടെയോ ഒരു മഞ്ഞപ്പട്ടുപാവാട ഉലയുന്ന ശബ്ദം, വെള്ളിക്കൊലുസ്സിണ്റ്റെ കിലുക്കം, നനഞ്ഞ പുല്‍പടര്‍പ്പില്‍ കാലുകള്‍ ഉരസുമ്പോഴുണ്ടാവുന്ന നനുത്തസ്വരം..... സ്വപ്നങ്ങളേക്കാല്‍ നിറമുള്ള ഓര്‍മ്മകള്‍. അവയ്ക്കാകെ പവിഴമല്ലിയുടേയും ഗന്ധരാജണ്റ്റേയും സുഗന്ധം.
ഒരു ചാറ്റല്‍ മഴയുടെ ക്യ്യും പിടിച്ച്, ഈ ഓര്‍മ്മകളുടെ പിറകേനടന്നാല്‍ ചെന്നെത്തുന്നത് ബാല്യത്തിണ്റ്റെ കളിമുറ്റത്തേക്കാണ്.അവിടെ മഞ്ഞപ്പട്ടുപാവാടയുടുത്ത ഞാന്‍ മണിക്കുട്ടണ്റ്റെ കൈ പിടിച്ച് തൊടിയിലാകെ ഓടിനടക്കുന്നു. അവനാണ് എണ്റ്റെ ആദ്യസുഹ്രുത്ത്. എണ്റ്റെ അനിയന്‍ ജനിയ്ക്കുന്നതിനും മുന്‍പ്, സ്കൂളില്‍ പോകാന്‍ പ്രായമാവുന്നതിനും മുന്‍പ്, പൂക്കളുടേയും കിളികളുടേയും മരങ്ങളുടേയും ഭാഷ തിരിച്ചറിയാന്‍ എനിക്ക് കഴിവുണ്ടായിരുന്ന കാലത്താണ് സൌഹ്രുദത്തിണ്റ്റെ സ്വാതന്ത്രം എത്ര വലുതാണെന്ന് കാണിച്ചുതന്നുകൊണ്ടാണ് അവന്‍ വന്നത്.
ഓര്‍മ്മകളില്‍ അവനെപ്പോഴും ചന്ദന നിറമുള്ള ഒരു ജുബ്ബയിലാണ്. അതിനകത്ത് അവനെപ്പൊലെ മൂന്നാലുപേര്‍ക്കൂടേ കയറായിരുന്നു. അതിണ്റ്റെ കൈ മണിക്കുട്ടണ്റ്റെ കയ്യും കടന്ന് തൂങ്ങിക്കിടന്നിരുന്നു. പക്ഷെ ഞങ്ങളുടെ കളിയിലെ രാജകുമാരന് ആ വേഷം ധാരാളമായിരുന്നു. ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകളെ ഞങ്ങള്‍ കുതിരകളാക്കി. ചിലപ്പോഴവ ഭൂമിയിലൂടെ ഓടി നടന്നു, ചിലപ്പോള്‍ ആകാശത്തിലൂടെ ചിറകുവിരിച്ചു പറന്നു നടന്നു. ചാറ്റല്‍ മഴ പെയ്തപ്പോള്‍ ഞങ്ങള്‍ കുതിരയുടെ വേഗത കൂട്ടി. പക്ഷെ കുതിര വീടെത്തും മുന്‍പെ അമ്മമാര്‍ ഞങ്ങളെ കുതിരപ്പുറത്തു നിന്നും ഇറക്കിയിട്ടുണ്ടാവും. പിന്നീടെത്രയോ തവണ ഞങ്ങള്‍ ആകാശത്തും ഭൂമിയിലും സഞ്ചരിച്ചു, ചിരട്ടത്ത്രാസില്‍ സാധനങ്ങള്‍ തൂക്കി വിറ്റു. പകരം തക്കാളിപ്പച്ചയുടെ ഇലകള്‍ അവനെനിയ്ക്ക് എണ്ണിത്തന്നു. അരിമാവില്‍ വിരല്‍മുക്കി ഐസ്ക്രീമെന്നു പറഞ്ഞു നുണഞ്ഞു നടന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മണിക്കുട്ടണ്റ്റെ വീട്ടുകാര്‍ വീടുമാറിപ്പോയി. പിന്നീട് കുറേനാളത്തേയ്ക്ക് ഞാന്‍ തനിച്ചായി. കുതിരകളിയ്ക്കാനും ആകാശത്തൂടെ പറക്കാനും ആളില്ലാതായി. എണ്റ്റെ കടയില്‍ ആരും വരാതായി. അരിമാവില്‍ വിരല്‍മുക്കിയതിന് അമ്മ വഴക്കു പറഞ്ഞു.
പിന്നീടെന്നെ ആശാന്‍ കളരിയില്‍ അയച്ചു. അന്നു മുതലാണ് നിറയെ കൂട്ടുകാരെ കിട്ടിത്തുടങ്ങിയത്. മെഴുകിയ തറ, മുന്നില്‍ വിരിച്ചിട്ട മണല്‍. ആ മണലിന് എപ്പോഴും ഒരു സുഗന്ധമുണ്ടായിരുന്നു. പിന്നെ പുതുമഴയ്ക്കൊപ്പം അപ്പൂപ്പണ്റ്റെ കയ്യും പിടിച്ച് സ്കൂളിലേയ്ക്ക്. പുതിയ പുസ്തകങ്ങള്‍,യൂണിഫോം പിന്നെ ഒരുപാട് ഒരുപാട് കൌതുകങ്ങളും. തക്കാളിപ്പച്ചയും കളര്‍ച്ചോക്കുകളും ഗോലികളും നിറമുള്ള തൂവലുകളും ഞങ്ങള്‍ അഭിമാനത്തോടെ സൂക്ഷിച്ചു വച്ചു. ഒരു മയില്‍ പ്പീലിയ്ക്കു വേണ്ടി കൊതിച്ചു. ഒടുവില്‍ രാമായണത്തില്‍ ബുക്ക് മാര്‍ക്കായി സൂക്ഷിച്ചിരുന്ന മയില്‍ പീലി എടുത്തു തന്നത് അമ്മൂമ്മയാണ്. അമ്പിളിയും ഞാനും ഒരുമിച്ചാണ് അത് പുസ്തകത്താളില്‍ വച്ചത്. ഞങ്ങളതിനെ ആകാശം കാണിക്കാതെ വളര്‍ത്തി. ഒരു ദിവസം അമ്പിളി എന്നോട് പറഞ്ഞു,"എണ്റ്റെ മയില്‍ പീലി പെറ്റു". ഈശ്വരാ, ഞാന്‍ കണ്ടു. ഒരു കുഞ്ഞു മയില്‍ പീലി. പക്ഷെ എണ്റ്റെ മയില്‍ പീലി ഒരിയ്ക്കലും പ്രസവിച്ചില്ല. അതിണ്റ്റെ സങ്കടം തീര്‍ന്നത് കണ്ണന്‍ ഇലമുളച്ചി തന്നപ്പോഴാണ്. എത്ര സൂക്ഷിച്ചാണ് അവനാ ഇല ചെടിയില്‍ നിന്ന് പൊട്ടിച്ചത്! എന്നിട്ട് പതുക്കെ എണ്റ്റെ പുസ്തകത്താളില്‍ വച്ചു തന്നു. അതവിടെ ഇരുന്ന് മുളപൊട്ടി. എത്ര അഭിമാനത്തോടെയാണ് ഞാനത് അമ്പിളിയെ കാണിച്ചത്.
കോണ്‍ വെണ്റ്റ് സ്കൂളിണ്റ്റെ എല്ലാചട്ടങ്ങള്‍ക്കിടയിലും ഞങ്ങള്‍ ജീവിതം ആഘോഷിച്ചു. ഇടയ്ക്കിടയ്ക്ക് കോണ്‍ വെണ്റ്റിലെ പ്രായമായ അമ്മമാര്‍ ഞങ്ങള്‍ കുട്ടികളെ വിളിച്ച് സംസാരിക്കും. കത്തോലിക്ക കുട്ടികളാണെങ്കില്‍ അവരെ കന്യാസ്ത്രീകളാവാന്‍ ഉപദേശിച്ചു. അന്നു കത്തോലിക്ക പെങ്കുട്ടികളോട് ആരാവണം എന്ന് ചോദിച്ചാല്‍ കന്യാസ്ത്രീ ആവണം എന്നേ പറയുമായിരുന്നുള്ളു. ചുരുക്കം ചിലരെ മറിച്ചുപറയാന്‍ ധൈര്യപ്പെട്ടുള്ളു. മഴപെയ്യുമ്പോള്‍ കോണ്‍ വെണ്റ്റിണ്റ്റെ ഉള്ളാകെ നനഞ്ഞൊലിച്ചു. അമ്മമാര്‍ എപ്പൊഴും കൊന്തചൊല്ലിക്കൊണ്ടിരുന്നു. അതിണ്റ്റെ ഇടനാഴിയിലാകെ തണുപ്പും മൂകതയും തളം കെട്ടിക്കിടന്നു. കാറ്റടിയ്ക്കുമ്പൊള്‍ സിസ്റ്റര്‍മാരുടെ തലയില്‍ നിന്നും ശിരോവസ്ത്രം മാറിപ്പോവണേന്നു ഞങ്ങള്‍ ആശിച്ചു. കലോത്സവത്തിനായ് രാത്രി മുഴുവന്‍ പ്രാക്റ്റീസ് ചെയ്തു മടുത്തപ്പോള്‍ വാഴ്ത്താത്ത ഓസ്തിയും വീഞ്ഞും കഴിച്ചു. ഞങ്ങള്‍ കോണ്‍ വെണ്റ്റ് സ്കൂളിലെ കുട്ടികളാണെന്ന് ഇടയ്ക്കിടയ്ക്ക് അഭിമാനത്തോടെ, ഒരാവശ്യം ഇല്ലാഞ്ഞിട്ടും ഞങ്ങള്‍ ഓര്‍ത്തു കൊണ്ടിരുന്നു.
സ്കൂളിലേയ്ക്കുള്ള യാത്രകളുടെ സുഖം അപ്പൂപ്പന്‍ കൂടെയുണ്ടായിരുന്നപ്പോഴായിരുന്നു. വഴിനീളെ പാട്ടുകള്‍ പാടിയും കവിത ചൊല്ലിയും ഞങ്ങള്‍ നടന്നു. വീടിനടുത്തുള്ള ആശ്രമത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു ഞങ്ങള്‍. പ്രാര്‍തന നിറഞ്ഞ അകത്തളങ്ങളും ശാന്തത നിറഞ്ഞ മുഖവുമായി സന്ന്യാസിമാരും. അവരുടെ നീണ്ട താടിയും മുടിയും ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിരുന്നു. അവര്‍ വായിച്ചു വച്ച പുസ്തകത്താളുകള്‍ അവരറിയാതെ മറിച്ചു വച്ചു. എന്നിട്ടും കരുണയോടെ അവരെന്നെ നോക്കി, സ്നേഹത്തോടെ സംസാരിച്ചു, കധകള്‍ പറഞ്ഞു തന്നു, അനുഗ്രഹിച്ചു, നല്ല കുട്ടിയായിരിക്കണം ന്നു പറഞ്ഞു. പണ്ട് എണ്റ്റെ നാടിണ്റ്റെ ഐശ്വര്യമായിരുന്നു ആശ്രമം (ഇപ്പൊള്‍ പക്ഷെ അവസ്ത മാറി). ആ യാത്രകളുടെ രസം അപ്പൂപ്പന്‍ പോയതോടെ അവസാനിച്ചു.
പിന്നേയും മഴക്കാലം വന്നു. പക്ഷെ എണ്റ്റെ കയ്യും പിടിച്ച് സ്കൂളിലെയ്ക്ക് വരാന്‍ അപ്പൂപ്പന്‍ ഇല്ല. കോണ്‍ വെണ്റ്റിണ്റ്റെ തണുത്ത ഇടനാഴിയില്‍ ഒരു സ്കൂള്‍ കുട്ടിയായി ഓടിനടക്കാന്‍ ഇനിയാവില്ല. പഴയ കളിക്കൂട്ടുകാരെല്ലാം ജീവിതത്തിണ്റ്റെ പക്വതയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. എങ്കിലും എല്ലാവരുടേയും കൈ പിടിച്ച് ഒരിക്കല്‍ക്കൂടി ആ ലോകത്തേയ്ക്ക് നടന്നു ചെല്ലാന്‍ തോന്നുന്നു. കാലം തരുന്ന ഉത്തരം നടക്കില്ല എന്നാണെങ്കിലും ഓര്‍മ്മകള്‍ ഒരു മഴ പോലെ തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു.....